അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടത് സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം, കൂടിക്കാഴ്ച നടത്തി

മലപ്പുറം : സ്ഥാനാർത്ഥി പട്ടികയില്‍ അതൃപ്തി അറിയിച്ച മുസ്‌ലിം ലീഗിന്റെ മുതിർന്ന നേതാവും മുൻ എംഎല്‍എയുമായ അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടതുപാളയത്തില്‍ എത്തിക്കാൻ നീക്കം.

അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടതു സ്ഥാനാർത്ഥിയാക്കാനാണ് എല്‍ഡിഎഫ് നീക്കം നടത്തുന്നത് . ഇടത് നേതാക്കള്‍ അബ്ദുറഹിമാൻ രണ്ടത്താണിയുമായി ചർച്ച നടത്തി. തിരൂരങ്ങാടിയിലോ താനൂരിലോ അദ്ദേഹത്തെ മത്സരിപ്പിക്കാനും ഈ മണ്ഡലങ്ങളില്‍ താല്പര്യമില്ലെങ്കില്‍ ഏത് സീറ്റാണോ ചോദിക്കുന്നത് ആ സീറ്റ് അദ്ദേഹത്തിന് നല്‍കാനുമാണ് സിപിഐഎമ്മിന്‍റെ നീക്കം.


2006 ലും 2011 ലും അബ്ദുറഹിമാൻ രണ്ടത്താണിയായിരുന്നു താനൂരിലെ എംഎല്‍എ. താനൂരില്‍ മന്ത്രി വി അബ്ദുറഹിമാനെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിരൂരില്‍ മത്സരിക്കാനാണ് വി അബ്ദുറഹിമാൻ ആഗ്രഹം പ്രകടിപ്പിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നിട്ടും മണ്ഡലത്തില്‍ അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. സ്ഥാനാർത്ഥി പട്ടികയില്‍ താനൂരില്‍ മാറ്റം വന്നേക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് ലീഗുമായി ഇടഞ്ഞ അബ്ദുറഹിമാൻ രണ്ടത്താണിക്ക് സീറ്റ് വാഗ്ദാനം നല്‍കുന്നത്.


മുസ്‌ലിം ലീഗിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി അബ്ദുറഹിമാൻ രണ്ടത്താണി രംഗത്തുവന്നിരുന്നു. ചിലരുടെ താല്പര്യത്തിനായി അർഹതപ്പെട്ടവരെ തഴഞ്ഞ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ടയാളെ സ്ഥാനാർത്ഥിയാക്കി എന്നായിരുന്നു തിരൂരങ്ങാടിയിലെ പിഎംഎ സമീറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരായ അബ്ദുറഹിമാൻ രണ്ടത്താണിയുടെ വിമർശനം.


തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പല്‍ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പിഎംഎ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച്‌ നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്‍പര്യത്തിനായി സ്ഥാനാർത്ഥിയാക്കി. അതിൻ്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താല്‍ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അബ്ദുറഹിമാൻ രണ്ടത്താണി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.


അതേസമയം അബ്ദുറഹിമാൻ രണ്ടത്താണിയുടേത് സ്വാഭാവികമായ പ്രതികരണമാണെന്നും പാർട്ടിയുമായി കൂടിയാലോചനകള്‍ നടത്തുമ്പോള്‍ കാര്യങ്ങളെല്ലാം അവർക്ക് മനസിലാകുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സീറ്റ് കിട്ടിയില്ലെന്ന് കരുതി പാർട്ടി വിടുന്നവരല്ല അവരാരും. അതിന്റെ പേരില്‍ അവരെല്ലാം പാർട്ടി വിട്ട് പോകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


Content Highlights: ldf offers seat to Abdurahiman Randathani, The CPIM's move is to give him whichever seat he is asking for