വെട്ടിലായി ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയും ! ദുബായിലേക്ക് പറക്കാന്‍ ആളില്ല ; 600 സീറ്റുള്ള വിമാനത്തില്‍ വെറും 25 യാത്രക്കാര്‍ !

ഗള്‍ഫ് മേഖലയിലെ യുദ്ധത്തെ തുടര്‍ന്ന് ദുബായിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. യാത്രക്കാര്‍ വരാന്‍ മടിക്കുന്നതിനാല്‍ ലോകത്തെ ഏറ്റവും വലിയ രാജ്യാന്തര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഇപ്പോള്‍ ദുബായിലേക്ക് പറക്കുന്നത് മിക്കവാറും കാലിയായ വിമാനങ്ങളുമായാണ്.

ദീര്‍ഘനാളായി തുടരുന്ന യുദ്ധസാഹചര്യം വിമാനക്കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.


കാലിയായി പറക്കുന്ന വിമാനങ്ങള്‍


അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള വിമാനങ്ങളിലാണ് യാത്രക്കാര്‍ തീരെയില്ലാത്തത്. പ്രാഗ്, ബുഡാപെസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വിമാനങ്ങളില്‍ 5 മുതല്‍ 10 ശതമാനം വരെ ആളുകള്‍ മാത്രമാണുള്ളത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള വിമാനങ്ങളില്‍ ടിക്കറ്റ് വിറ്റുപോയതിന്റെ അഞ്ചിലൊന്ന് ആളുകള്‍ മാത്രമാണ് യാത്ര ചെയ്തത്. പാരീസില്‍ നിന്നുള്ള 600 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കൂറ്റന്‍ എയര്‍ബസ് എ 380 വിമാനത്തില്‍ ദുബായിലെത്തിയത് വെറും 25 പേരാണ്. അതായത്, വിമാനത്തിലെ ജീവനക്കാരുടെ അത്രയും എണ്ണം യാത്രക്കാര്‍ മാത്രം! ലണ്ടനിലെ ഹീത്രോയില്‍ നിന്നുള്ള വിമാനങ്ങളില്‍ 20% ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്.


നാടുവിട്ട് ആളുകള്‍; ടിക്കറ്റുകള്‍ റദ്ദാക്കുന്നു


ദുബായിലേക്ക് വരാന്‍ ആളില്ലെങ്കിലും ദുബായില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ നല്ല തിരക്കാണ്. ലഭ്യമായ വിമാനങ്ങളില്‍ കയറി എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാണ് ആളുകള്‍ ശ്രമിക്കുന്നത്. ഇങ്ങനെ യാത്രക്കാരെ കൊണ്ടുപോയി തിരികെ വരുമ്പോഴാണ് എമിറേറ്റ്‌സിന് കാലിയായ വിമാനങ്ങളുമായി പറക്കേണ്ടി വരുന്നത്. കൂടാതെ, ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാതിരിക്കുന്നവരുടെ എണ്ണവും പ്രതിദിനം ആയിരക്കണക്കിനാണ്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കാനും, യാത്രാ തീയതി മാറ്റാനുമുള്ള സൗകര്യങ്ങള്‍ കമ്പനി ഈ മാസം അവസാനം വരെ നല്‍കുന്നുണ്ട്.


വില്ലനായി ഡ്രോണ്‍ ആക്രമണങ്ങളും മിസൈല്‍ ഭീഷണിയും


ഇറാന്റെ മിസൈല്‍ ഭീഷണിയും വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങളുമാണ് വ്യോമയാന മേഖലയ്ക്ക് വലിയ തിരിച്ചടിയായത്. കഴിഞ്ഞ തിങ്കളാഴ്ച ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് തീപിടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഏഴ് മണിക്കൂറോളമാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. സാധാരണ ഗതിയില്‍ പ്രതിദിനം 500-ഓളം സര്‍വീസുകള്‍ നടത്തിയിരുന്ന ദുബായ് വിമാനത്താവളത്തില്‍ നിന്ന് മാര്‍ച്ച്‌ 16-ലെ കണക്കനുസരിച്ച്‌ വെറും 71 വിമാനങ്ങള്‍ മാത്രമാണ് പറന്നുയര്‍ന്നത്.


ആശ്വാസമായി കാര്‍ഗോ സര്‍വീസുകള്‍


യാത്രക്കാര്‍ കുറവാണെങ്കിലും ചരക്ക് നീക്കം നടക്കുന്നത് എമിറേറ്റ്‌സിന് ചെറിയൊരു ആശ്വാസം നല്‍കുന്നുണ്ട്. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നതിനാല്‍ അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള പ്രധാന മാര്‍ഗ്ഗം ഇപ്പോള്‍ വിമാനങ്ങളാണ്. കൂടുതല്‍ ചരക്കുകള്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന ബോയിംഗ് 777 വിമാനങ്ങളാണ് എമിറേറ്റ്‌സ് ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഖത്തര്‍ എയര്‍വേയ്സ്, ഇത്തിഹാദ് എന്നീ വിമാനക്കമ്പനികളും സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. 


വരാനിരിക്കുന്ന ഈസ്റ്റര്‍ സീസണിലേക്കുള്ള ടിക്കറ്റ് ബുക്കിംഗും വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യങ്ങളെക്കുറിച്ച്‌ എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലാര്‍ക്ക് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സുരക്ഷിതമായ പാതകളിലൂടെ മാത്രമാണ് ഇപ്പോള്‍ സര്‍വീസുകള്‍ നടത്തുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.