മുഹൂര്‍ത്തം ! ഗെറ്റൗട്ട് ; ഗുജറാത്ത് മുഖ്യമന്ത്രിയെയും പദ്മജയെയും വരണാധികാരി പുറത്താക്കി ഇന്നലെ രാവിലെ തൃശൂർ ആർ.ഡി.ഒ ഓഫീസിലായിരുന്നു സംഭവം.

യു.ഡി.എഫിന് സ്ഥാനാർത്ഥി രാജൻ പല്ലനാണ് ആദ്യം പത്രിക നല്‍കാൻ അനുമതി നല്‍കിയത്. 10.30 ന് ഓഫീസിലെത്തിയ രാജൻ പത്രിക നല്‍കി ഇറങ്ങുമ്പോള്‍ സമയം 11.10. തുടർന്ന് എല്‍.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഊഴമായി. സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണനും വി.എസ്.സുനില്‍കുമാറുമുള്‍പ്പെടെയുള്ളവർ വരണാധികാരിയുടെ ഓഫീസിലെത്തി.

ഇതിനിടയിലാണ് പ്രകടനവുമായി എൻ.ഡി.എ സ്ഥാനാർത്ഥി പദ്മജയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമുള്‍പ്പെടെയുള്ളവർ എത്തിയത്. തുടർന്ന് മുഹൂർത്തം തെറ്റുമെന്ന് പറഞ്ഞ് പദ്മജയും പട്ടേലുമുള്‍പ്പെടെയുള്ളവർ മറ്റൊരു വാതിലിലൂടെ ഓഫീസില്‍ കയറി. 11.30 മുതല്‍ 12.15 വരെ മുഹൂർത്തമാണെന്നും പത്രിക സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.


എന്നാല്‍ ആദ്യം വന്നവരുടെ പത്രിക സ്വീകരിക്കണമെന്നും മുഹൂർത്തമല്ല ചട്ടമാണ് പ്രധാനമെന്നും മുൻമന്ത്രി വി.എസ്.സുനില്‍കുമാർ തടസവാദമുന്നയിച്ചു. തുടർന്നാണ് പദ്മജയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമുള്‍പ്പെടെയുള്ളവരെ പുറത്തേക്ക് പോകാൻ വരാണാധികാരികൂടിയായ ആർ.ഡി.ഒ വിനോദ് രാജ് ആവശ്യപ്പെട്ടത്.


 പത്രികനല്‍കിയത് മുഹൂർത്ത ശേഷം


ആലങ്കോട് ലീലാകൃഷ്ണൻ പത്രിക സമർപ്പിച്ച ശേഷം 11.50നാണ് പുറത്തിറങ്ങിയത്. തുടർന്ന് പത്രിക സമർപ്പണത്തിന് കയറിയ പദ്മജയ്‌ക്ക് മുഹൂർത്തം കഴിയും മുമ്പ് നല്‍കാനായില്ല. ഒപ്പുകളും മറ്റും പരിശോധിച്ച ശേഷമാണ് പത്രിക സ്വീകരിച്ചത്. ഇതിന് സമയമെടുത്തതോടെയാണ് മുഹൂർത്തം മുടങ്ങിയത്.