തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം ; ജാമുറിയയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസ് തീയിട്ടു നശിപ്പിച്ചു

കൊല്‍ക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം. ബി.ജെ.പി ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നതിനിടെയാണ് പലയിടത്തും അക്രമസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തത്.

പശ്ചിമ ബർദ്‌വാൻ ജില്ലയിലെ ജാമുറിയ മണ്ഡലത്തിലെ ചുരുളിയ മേഖലയിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ( ടി.എം.സി) പാർട്ടി ഓഫിസ് ഒരു സംഘം ആളുകള്‍ തീയിട്ടു നശിപ്പിച്ചു. ഓഫിസ് പൂർണ്ണമായും കത്തിനശിച്ചു. ബി.ജെ.പി പ്രവർത്തകരാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണം ബി.ജെ.പി നിഷേധിച്ചിട്ടുണ്ട്.


ജമുരിയക്ക് പുറമെ അസൻസോള്‍, ദിൻഹത തുടങ്ങിയ സ്ഥലങ്ങളിലും രാഷ്ട്രീയ പാർട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടി. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോളിംഗ് ഏജന്റുമാർ തമ്മില്‍ കൈയാങ്കളിയുണ്ടായി. കസേരകള്‍ തല്ലിത്തകർക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കൂച്ച്‌ ബെഹാർ ജില്ലയിലെ ദിൻഹതയില്‍ ബി.ജെ.പി-ടി.എം.സി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാൻ കേന്ദ്ര സേന ലാത്തി വീശി.


അസൻസോള്‍ ദുർഗാപൂർ പൊലീസ് കമ്മീഷണർ പ്രണവ് കുമാർ അക്രമസംഭവങ്ങള്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.


ക്രമസമാധാന നില ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാളിലുടനീളം വൻതോതില്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. ഏകദേശം 700 കമ്പനി സെൻട്രല്‍ ഫോഴ്‌സിനെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനിർത്തിയിരിക്കുന്നത്.


15 വർഷമായി അധികാരത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി സംസ്ഥാനത്ത് വൻ മുന്നേറ്റമാണ് നടത്തുന്നത്. ചരിത്ര വിജയത്തിലേക്ക് ബിജെപി നീങ്ങുന്നു എന്ന സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് ബംഗാള്‍ വീണ്ടും അക്രമാസക്തമായത്.