കെഎസ്‌ആര്‍ടിസി സൗജന്യയാത്ര മുതല്‍ പലിശരഹിത വായ്പ വരെ; യുഡിഎഫ് സര്‍ക്കാരിനെ കാത്തിരിക്കുന്നത് വെല്ലുവിളികളുടെ കാലഘട്ടം

മൂന്നക്കം തികച്ച്‌ ഗംഭീര ജയത്തോടെ വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് യുഡിഎഫ്. അധികാരത്തില്‍ നിന്ന് 10 വര്‍ഷം അകന്നു നിന്നശേഷമാണ് യുഡിഎഫിന്റെ തിരിച്ചുവരവ്.

ലോകവും കേരളവും വലിയ അനിശ്ചിതത്തിലൂടെ കടന്നുപോകുമ്പോഴാണ് യുഡിഎഫിന്റെ കൈയിലേക്ക് അധികാരം തിരിച്ചെത്തുന്നത്. സാമ്പത്തികരംഗത്ത് വലിയ വെല്ലുവിളികളാണ് പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത്.


സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ത്വരിത പരിഹാരം കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. സംസ്ഥാനത്തിന്റെ കടബാധ്യതയും വരുമാന-ചെലവ് അന്തരവും ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ ചെലവ് നിയന്ത്രണവും വരുമാന വര്‍ധനയും തമ്മില്‍ സമതുലിതമായ സമീപനം സ്വീകരിക്കേണ്ടിവരും. ക്ഷേമപദ്ധതികള്‍ തുടരുമോ, പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമോ എന്നതും ധനപരിധികളോട് ചേര്‍ന്ന് തീരുമാനിക്കേണ്ട പ്രധാന വിഷയങ്ങളാണ്.


വാഗ്ദാനങ്ങള്‍ പാലിക്കുക വെല്ലുവിളി


യുഡിഎഫിനെ റെക്കോഡ് വിജയത്തിലേക്ക് നയിച്ചത് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ്. കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയാണ് പ്രധാന പ്രഖ്യാപനം. കര്‍ണാടകയിലും തെലങ്കാനയിലും സമാന പ്രഖ്യാപനങ്ങളിലൂടെ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.


എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ സൗജന്യ ബസ് യാത്ര സര്‍ക്കാരിന് വലിയ ബാധ്യതയാണ് വരുത്തിവച്ചത്. കര്‍ണാടകയെയും തെലങ്കാനയെയും അപേക്ഷിച്ച്‌ തനത് വരുമാനം തീരെ കുറഞ്ഞ സംസ്ഥാനമാണ് കേരളം. മാത്രവുമല്ല, കെഎസ്‌ആര്‍ടിസി വലിയ കടക്കെണിയിലാണ്. ഈ അവസ്ഥയില്‍ സൗജന്യയാത്ര കൂടി അനുവദിച്ചാല്‍ പ്രതിസന്ധി രൂക്ഷമാകും. കെഎസ്‌ആര്‍ടിസിയെ മാത്രമാകില്ല സൗജന്യ യാത്ര ബാധിക്കുക. സ്വകാര്യ ബസ് വ്യവസായത്തെയും ഇത് ബാധിച്ചേക്കും.


തൊഴില്‍ മേഖലയും സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളിലൊന്നാണ്. യുവാക്കള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന തൊഴിലില്ലായ്മ ആശങ്കാജനകമാണ്. സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയ്ക്കായുള്ള നയപരമായ ഇടപെടലുകള്‍ വേണ്ടിവരും.


പ്രവാസി ഇടപെടല്‍


പശ്ചിമേഷ്യയിലെ യുദ്ധം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്ക് നിലച്ചാല്‍ അത് വലിയ തിരിച്ചടിക്ക് കാരണമാകും. യുദ്ധം നീണ്ടുനിന്നാല്‍ ഗള്‍ഫില്‍ നിന്നുള്ള പ്രവാസി തിരിച്ചുവരവ് വര്‍ധിക്കും. അങ്ങനെ സംഭവിച്ചാല്‍ അത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയാകും. കേരളത്തിലേക്ക് കൂടുതല്‍ പ്രവാസികള്‍ തിരിച്ചെത്തിയാല്‍ സാമ്പത്തിക ആവാസവ്യവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാകും.


രണ്ടാമത്തെ പ്രധാന വാഗ്ദാനം കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം സാമ്പത്തിക സഹായം നല്‍കുമെന്നതാണ്. തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് വ്യവസായം തുടങ്ങാന്‍ അഞ്ച് ലക്ഷം രൂപയുടെ പലിശ രഹിത വായ്പയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ വാഗ്ദാനങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്നത് പുതിയ സര്‍ക്കാരിനെ സംബന്ധിച്ച്‌ ചോദ്യചിഹ്നമാണ്.