കോതമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.

എറണാകുളം : കോതമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. വടാട്ടുപാറ പലവൻപടി പുഴയിലാണ് അപകടം.

കോതമംഗലം ബസേലിയോസ് ദന്തല്‍ കോളേജിലെ വിദ്യാർഥികളായ തിരുവല്ല സ്വദേശി ബിയോണ്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് മരിച്ചത്.


ദന്തല്‍ കോളേജിലെ ഒൻപതംഗ വിദ്യാർഥിസംഘമാണ് പലവൻപടി പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെ, മൂന്ന് പേർ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൂന്ന് പേരെയും കണ്ടെത്താനായത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം ഉണ്ടായത്.


അവധി ദിവസം ആയതുകൊണ്ട് പുഴയില്‍ കുളിക്കാൻ എത്തിയതായിരുന്നു വിദ്യാർഥികള്‍. ഒമ്പത് പേരും പുഴയില്‍ ഇറങ്ങി. ഇവരില്‍ ഒരാളെ ആദ്യം കാണാതായി. ഇയാളെ രക്ഷിക്കാനായി ശ്രമിക്കവേയാണ് മറ്റ് രണ്ട് വിദ്യാർഥികള്‍ അപകടത്തില്‍പ്പെട്ടത്. തിരച്ചിലിനൊടുവില്‍ ഇവരെ കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.


കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലാണ് വിദ്യാർഥികളെ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ത്തന്നെ മൂവരുടെയും ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.


വനമേഖലയിലൂടെ ഒഴുകുന്ന പുഴയാണ് വടാട്ടുപാറ പലവൻപടി. വലിയ കയങ്ങളും ആഴമുള്ള ഭാഗങ്ങളുമുള്ള പ്രദേശമാണിത്. ഇത് അപകടമേഖലയാണെന്ന് നേരത്തെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുള്ളതാണ്. 


അപകടസാധ്യത പ്രദേശങ്ങളില്‍ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ ഇത് നിർദേശം പാലിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. രണ്ടാഴ്ച മുൻപ് ഇതേ പുഴയുടെ അസമന്നൂർ ഭാഗത്ത് മൂന്ന് നഴ്സിങ് കോളേജ് വിദ്യാർഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു.