വിജയിയെ പൂട്ടാന്‍ കനിമൊഴിയെ തിരിച്ചുവിളിച്ച്‌ ഡിഎംകെ ; ലക്ഷ്യം സ്ത്രീ വോട്ടര്‍മാര്‍, വെല്ലുവിളിയാകും

Kanimozhi Come Back To Tamil Nadu Politics : ഡിഎംകെ എംപിയായ കനിമൊഴി തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് സജീവമായി മടങ്ങിയെത്താൻ ഒരുങ്ങുന്നു.

നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കനിമൊഴി ആഗ്രഹിച്ചിരുന്നെങ്കിലും, അന്ന് എം.കെ. സ്റ്റാലിനും ഉദയനിധി സ്റ്റാലിനും ഇതിന് താല്‍പ്പര്യം കാണിച്ചിരുന്നില്ല. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ സ്റ്റാലിനും ഉദയനിധിയും കനിമൊഴിയെ തിരിച്ചുവരവിന് ക്ഷണിച്ചിരിക്കുകയാണ്.


തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അമ്പത്തിയൊൻപത് വർഷത്തെ ദ്രാവിഡ കക്ഷികളുടെ ആധിപത്യം അവസാനിപ്പിച്ച്‌ തമിഴക വെട്രിക്കഴകം (ടിവികെ) അധികാരം പിടിച്ചതോടെയാണ് ഈ മാറ്റം. ഈ നിർണായക ഘട്ടത്തില്‍, അടിത്തട്ടില്‍ നിന്ന് പാർട്ടിയെ ശക്തിപ്പെടുത്താൻ ഡിഎംകെ ഡെപ്യൂട്ടി ജനറല് സെക്രട്ടറിയായ കനിമൊഴിക്ക് പ്രധാന ചുമതല നല്‍കിയിട്ടുണ്ട്.


തിരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടുകള്‍ ടിവികെയിലേക്ക് മാറിയത് ഡിഎംകെയെ ഞെട്ടിച്ചിരുന്നു. ഈ സാഹചര്യം വിലയിരുത്തിയ ശേഷമാണ്, കനിമൊഴിയിലൂടെ സ്ത്രീകളെ വീണ്ടും ഡിഎംകെയുടെ ഭാഗമാക്കാൻ നേതൃത്വം തീരുമാനിച്ചത്. ഉദയനിധി സ്റ്റാലിന്റെ പൂർണ പിന്തുണയും ഈ നീക്കത്തിനുണ്ടെന്നാണ് വിവരം.


ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിന് മുന്നോടിയായി ഉദയനിധി സ്റ്റാലിനും സബരീശനും കനിമൊഴിയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് കനിമൊഴിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം ഏകദേശം ഉറപ്പിച്ചത്. ഇതിന് പിന്നാലെ കനിമൊഴി വിവിധ ജില്ലകളില്‍ സന്ദർശനം ആരംഭിക്കുകയും ചെയ്തു.


ഡല്‍ഹി കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളില്‍ നിന്ന് ശ്രദ്ധ പൂർണ്ണമായും തമിഴ്‌നാട്ടിലേക്ക് മാറ്റി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനാണ് കനിമൊഴി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി, ഉടൻ തന്നെ സംസ്ഥാന വ്യാപകമായുള്ള ഒരു വലിയ രാഷ്ട്രീയ പര്യടനത്തിന് അവർ തയ്യാറെടുക്കുകയാണെന്ന് ഡിഎംകെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.


എം.കെ. സ്റ്റാലിന് കൊളത്തൂരില്‍ നേരിട്ട പരാജയം ഉള്‍പ്പെടെയുള്ള 2026-ലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഡിഎംകെ അണികളില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ അണികളില്‍ പുതിയ ഉണർവ് ഉണ്ടാക്കാനും നിർജീവമായ പാർട്ടി സംവിധാനം പുനരുജ്ജീവിപ്പിക്കാനും കനിമൊഴിക്ക് വലിയ ഉത്തരവാദിത്തം നല്‍കിയിട്ടുണ്ട്.


വരും ദിവസങ്ങളില്‍ കനിമൊഴി മിക്കവാറും തമിഴ്‌നാട്ടില്‍ തന്നെ ചെലവഴിക്കുകയും ജില്ലാ അടിസ്ഥാനത്തില്‍ നേതാക്കളെയും പ്രവർത്തകരെയും കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്യും. മുഖ്യമന്ത്രി വിജയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ജനങ്ങള്‍ക്കിടയിലുള്ള "ഹണിമൂണ്‍ പിരിയഡ്" അവസാനിക്കുന്നതിന് മുൻപ് തന്നെ ഡിഎംകെയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.


തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താൻ എം.കെ. സ്റ്റാലിൻ രൂപീകരിച്ച കമ്മിറ്റികളുമായി ചേർന്ന് കനിമൊഴി നേരിട്ട് പല ജില്ലകളിലും പോയി വിവരങ്ങള്‍ ശേഖരിക്കും. കനിമൊഴിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് ടിവികെ സർക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.