മോദിയുടെ കൊച്ചി സന്ദർശനം : NDA ഘടകകക്ഷികൾക്ക് ക്ഷണം നൽകി കബളിപ്പിച്ചുവെന്ന് ആരോപണം

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനവുമായി ബന്ധപ്പെട്ട സർക്കാർ പൊതുപരിപാടിയിൽ കേരളത്തിലെ NDA ഘടകകക്ഷികളെ ക്ഷണിച്ചെങ്കിലും ആവശ്യമായ പരിഗണന നൽകിയില്ലെന്ന ആരോപണം ഉയരുന്നു. BJP സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനശൈലിയെതിരെ സഖ്യകക്ഷികളിൽ പ്രതിഷേധം ശക്തമാകുന്നതായാണ് വിവരം.

മോദിയുടെ സന്ദർശനത്തിനായി എറണാകുളം BJP ഓഫീസിൽ നിന്നാണ് വിവിധ സംഘടനകൾക്ക് പ്രവേശന പാസുകൾ വിതരണം ചെയ്തത്. എന്നാൽ BDJS നും ട്വന്റി20യ്ക്കുമാത്രമാണ് പ്രധാന പാസുകൾ നൽകിയതെന്ന് മറ്റു സഖ്യകക്ഷികൾ ആരോപിക്കുന്നു. ഇതോടൊപ്പം, ഒരു ജില്ലാക്കമ്മിറ്റിയോ പഞ്ചായത്തിലെ നാല് പ്രവർത്തകരോ പോലും ഇല്ലാത്ത ബീഹാർ ആസ്ഥാനമായ പാർട്ടിക്ക് എയർപോർട്ടിൽ മോദിയെ സ്വീകരിക്കാൻ അനുമതി നൽകിയതായും പരാതിയുണ്ട്.


അതേസമയം, മറ്റ് NDA ഘടകകക്ഷികൾക്കായി ഒരുക്കിയിരുന്ന സ്റ്റാൻഡ്-അപ്പ് പാസുകൾ സന്ദർശനം കഴിഞ്ഞ ശേഷമാണ് നൽകിയതെന്നാണ് ആരോപണം. കൂടാതെ, സഖ്യകക്ഷികളുടെ കൊടികൾ കെട്ടുന്നതിനായി ഓഫീസിൽ കൈമാറിയതും പരിപാടി കഴിഞ്ഞതുവരെ വിതരണം ചെയ്യാതെയിരുന്നുവെന്നും നേതാക്കൾ പറയുന്നു.


സഖ്യകക്ഷികളെ ആളെ കൂട്ടാൻ മാത്രം ഉപയോഗിക്കുകയും ആവശ്യമായ ബഹുമാനം നൽകാതിരിക്കുകയും ചെയ്യുന്നതാണ് ചില BJP നേതാക്കളുടെ സമീപനമെന്ന് വിവിധ സഖ്യകക്ഷി പ്രവർത്തകർ ആരോപിച്ചു. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ചില BJP നേതാക്കൾ പാർട്ടിയെ അപമാനിക്കാനും പ്രവർത്തകരെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് അകറ്റി നിർത്താനുമുള്ള നടപടികളുടെ ഭാഗമായാണ് ഇത് സംഭവിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.


സംഭവത്തെ തുടർന്ന് NDA സഖ്യകക്ഷികളിൽ വ്യാപകമായ അസന്തോഷവും പ്രതിഷേധവും ഉയർന്നിരിക്കുകയാണ്.