ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഹോട്ടല്‍ ഭക്ഷണത്തിനും അനുബന്ധ സേവനങ്ങള്‍ക്കും വില വർധിക്കാനുള്ള സാധ്യതയേറി.
വിവിധ നഗരങ്ങളിലെ നിരക്ക് വർധന
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സമാനമായ രീതിയില്‍ വില വർധിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 195.50 രൂപ വർധിച്ചു. അതോടെ ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 2078 രൂപയായി. അതെ സമയം കൊല്‍ക്കത്തയില്‍ 218 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. സിലിണ്ടർ വില 2208 രൂപയിലേക്കാണ് കുതിച്ചത്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി ഉള്‍പ്പെടെയുള്ള മറ്റ് നഗരങ്ങളിലും സിലിണ്ടറിന് 2100 രൂപക്ക് മുകളിലേക്ക് വില ഉയർന്നു. അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന ഗാർഹിക സിലിണ്ടറുകളുടെ വിലയില്‍ നിലവില്‍ മാറ്റമില്ല എന്നത് ആശ്വാസകരമാണ്.
വിതരണം വർദ്ധിപ്പിച്ചിട്ടും വിലയേറുന്നു
സപ്ലൈ വർദ്ധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടും വില വർധനവ് ഉണ്ടായത് ചർച്ചാവിഷയമായിട്ടുണ്ട്. ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറുകളുടെ പ്രതിദിന വിതരണം 1,800-ല്‍ നിന്ന് 4,500 ആയി ഉയർത്തിയിരുന്നു. അവശ്യ സേവനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും തടസ്സമില്ലാതെ സിലിണ്ടറുകള്‍ ലഭ്യമാക്കാനാണ് കേന്ദ്ര നിർദ്ദേശപ്രകാരം ഈ നടപടി സ്വീകരിച്ചത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും യുദ്ധസമാനമായ സാഹചര്യങ്ങളും വിലയെ സ്വാധീനിച്ചതായാണ് സൂചന.
ഹോട്ടല്‍ മേഖലയില്‍ പ്രതിസന്ധി
പുതുക്കിയ പോളിസി പ്രകാരം ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ധാബകള്‍ എന്നിവയ്ക്കാണ് മൊത്തം സപ്ലൈയുടെ 75 ശതമാനവും (പ്രതിദിനം 3,375 സിലിണ്ടറുകള്‍) നീക്കിവെച്ചിരിക്കുന്നത്. വില വർധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ഈ മേഖലയെയാണ്. പാചക വാതക വില ഉയർന്നതോടെ ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഹോട്ടല്‍ ഉടമകള്‍ നിർബന്ധിതരായേക്കും. ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന സാധാരണക്കാർക്കും വിദ്യാർത്ഥികള്‍ക്കും ഇത് വലിയ ഭാരമായി മാറും.
മറ്റ് വിഭാഗങ്ങളിലെ വിഹിതം
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ അവശ്യ സേവന വിഭാഗങ്ങള്‍ക്ക് 5 ശതമാനം വിഹിതമാണ് അനുവദിച്ചിരിക്കുന്നത്. വ്യാവസായിക യൂണിറ്റുകള്‍ക്ക് ഒരു ശതമാനവും അന്തർസംസ്ഥാന തൊഴിലാളികള്‍ക്കായി 5 കിലോ സിലിണ്ടറുകളുടെ പ്രത്യേക വിഹിതവും സർക്കാർ നീക്കിവെച്ചിട്ടുണ്ട്. വില വർധനയുമായി ബന്ധപ്പെട്ട കിംവദന്തികള്‍ വിശ്വസിക്കരുതെന്നും വിതരണം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും ഭക്ഷ്യ വിതരണ വകുപ്പ് അറിയിച്ചു.