ഇന്ന് മുതല്‍ ആദായനികുതി നിയമങ്ങളിലും സാമ്പത്തിക ഇടപാടുകളിലും വൻ മാറ്റങ്ങള്‍ : അറിയാം മാറ്റങ്ങള്‍

മുംബൈ : 2026 ഏപ്രില്‍ 1 മുതല്‍ രാജ്യത്തെ ബാങ്കിങ്, എടിഎം, ഫാസ്ടാഗ് ആദായ നികുതി എന്നിവയിലുള്‍പ്പടെ അടിമിടി മാറ്റങ്ങള്‍ നിലവില്‍ വന്നിരിക്കുകയാണ്.

മാറ്റങ്ങള്‍ നമ്മളെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് പരിശോധിക്കാം.


1. ആദായനികുതിയിലെ മാറ്റങ്ങള്‍

പതിറ്റാണ്ടുകള്‍ പഴക്കമുള്ള 1961 - ലെ ആദായനികുതി നിയമത്തിന് പകരം 'ആദായനികുതി നിയമം 2025' പ്രാബല്യത്തില്‍ വരും. നികുതി വ്യവസ്ഥകള്‍ ലഘൂകരിക്കാനും ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും 'ഫിനാൻഷ്യല്‍ ഇയർ' ( FY ), 'അസസ്‌മെന്റ് ഇയർ' ( AY ) എന്നീ പ്രയോഗങ്ങള്‍ ഒഴിവാക്കി പകരം 'ടാക്സ് ഇയർ' ( Tax Year ) എന്ന ഒറ്റ പദം ഉപയോഗിക്കും.


2. ഐടിആർ ഫയലിംഗ് സമയപരിധി

ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ ഐടിആർ ( ITR - 1, ITR - 2 ) സമയം ജൂലൈ 31 വരെ തന്നെയായിരിക്കും. എന്നാല്‍, സ്വയംതൊഴില്‍ ചെയ്യുന്നവർക്കും പ്രൊഫഷണലുകള്‍ക്കും ( ITR - 3, ITR - 4 ) സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്.


പരിഷ്കരിച്ച റിട്ടേണുകള്‍ സമർപ്പിക്കാനുള്ള സമയം 9 മാസത്തില്‍ നിന്ന് 12 മാസമായി ( മാർച്ച്‌ 31 വരെ ) ഉയർത്തി. എന്നാല്‍ ഡിസംബർ 31 - ന് ശേഷമുള്ള ഫയലിംഗിന് അധിക ഫീസ് നല്‍കേണ്ടി വരും.


3. ഓഹരി വിപണിയിലെ നികുതി വർധന

ഡെറിവേറ്റീവ് ട്രേഡിംഗിനുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് ( STT ) വർധിപ്പിച്ചു. ഓപ്ഷൻ പ്രീമിയം ടാക്സ് 0.1 ശതമാനത്തില്‍ നിന്ന് 0.15 ശതമാനമായും, ഫ്യൂച്ചേഴ്സ് ടാക്സ് 0.02 ശതമാനത്തില്‍ നിന്ന് 0.05 ശതമാനമായും ഉയരും.


കമ്പനികള്‍ ഓഹരികള്‍ തിരികെ വാങ്ങുമ്പോൾ ( Buyback ) ഇനി മുതല്‍ അത് 'ക്യാപിറ്റല്‍ ഗെയിൻസ്' ആയിട്ടായിരിക്കും കണക്കാക്കുക. ഇത് പ്രൊമോട്ടർമാർക്കും റീട്ടെയില്‍ നിക്ഷേപകർക്കും വ്യത്യസ്ത നിരക്കുകളില്‍ നികുതി ബാധ്യതയുണ്ടാക്കും.


4. എച്ച്‌ആർഎ നിയമങ്ങള്‍ കർശനമാക്കി

വാടക വീടിന്റെ ആനുകൂല്യം ലഭിക്കാൻ ഇനി വീട്ടുടമസ്ഥന്റെ പാൻ ( PAN ) വിവരങ്ങളും വാടക നല്‍കിയതിന്റെ കൃത്യമായ തെളിവും നിർബന്ധമായും നല്‍കണം. അതേസമയം, 50 ശതമാനം എച്ച്‌ആർഎ ഇളവിന് അർഹമായ മെട്രോ നഗരങ്ങളുടെ പട്ടികയില്‍ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നിവയ്‌ക്കൊപ്പം ബംഗളൂരു, ഹൈദരാബാദ്, പുണെ, അഹമ്മദാബാദ് എന്നിവ കൂടി ഉള്‍പ്പെടുത്തി.


5. ജീവനക്കാർക്കുള്ള ആനുകൂല്യങ്ങള്‍

മീല്‍ കാർഡ് : ഭക്ഷണ കൂപ്പണുകളുടെ നികുതി രഹിത പരിധി പ്രതിദിനം 50 രൂപയില്‍ നിന്ന് 200 രൂപയായി ഉയർത്തി.


ഗിഫ്റ്റ് വൗച്ചർ : വാർഷിക പരിധി 5,000 രൂപയില്‍ നിന്ന് 15,000 രൂപയാക്കി.

കുട്ടികളുടെ അലവൻസ് : പഴയ നികുതി ഘടനയില്‍ വിദ്യാഭ്യാസ അലവൻസ് പ്രതിമാസം 3,000 രൂപയായും ഹോസ്റ്റല്‍ അലവൻസ് 9,000 രൂപയായും വർധിപ്പിച്ചു.


6. കമ്പനി വാഹനങ്ങളുടെ മൂല്യം

കമ്പനി നല്‍കുന്ന കാറുകളുടെ മൂല്യം എൻജിൻ കപ്പാസിറ്റി അനുസരിച്ച്‌ മാസം 8,000 രൂപയായും ( 1.6 ലിറ്റർ വരെ ) 10,000 രൂപയായും ( 1.6 ലിറ്ററിന് മുകളില്‍ ) പുതുക്കി. ഡ്രൈവർ ഉണ്ടെങ്കില്‍ 3,000 രൂപ അധികമായി കണക്കാക്കും.


7. മറ്റ് മാറ്റങ്ങള്‍

സ്വർണ്ണ ബോണ്ട് ( SGB ) : നേരിട്ട് വാങ്ങുന്ന ബോണ്ടുകള്‍ക്ക് മാത്രമേ കാലാവധി പൂർത്തിയാകുമ്പോൾ നികുതി ഇളവ് ലഭിക്കൂ. സെക്കൻഡറി മാർക്കറ്റില്‍ നിന്ന് വാങ്ങുന്നവയ്ക്ക് നികുതി നല്‍കണം.

ടിസിഎസ് ( TCS ) കുറച്ചു : വിദേശ യാത്രകള്‍ക്കും പഠനത്തിനും ചികിത്സയ്ക്കുമായി വിദേശത്തേക്ക് പണം അയക്കുന്നവർക്കുള്ള ടിസിഎസ് നിരക്ക് 2 ശതമാനമായി കുറച്ചു.

മോട്ടോർ ആക്സിഡന്റ് ക്ലെയിം: മോട്ടോർ ആക്സിഡന്റ് ട്രിബ്യൂണല്‍ നല്‍കുന്ന നഷ്ടപരിഹാര തുകയുടെ പലിശ ഇനി പൂർണ്ണമായും നികുതി രഹിതമായിരിക്കും. ഇതിന് ടിഡിഎസ് ഈടാക്കില്ല.

പാൻ ( PAN ) കാർഡ് നിയമങ്ങള്‍

ആധാർ ഉപയോഗിച്ച്‌ മാത്രം ഇനി പാൻ കാർഡിന് അപേക്ഷിക്കാനാവില്ല. ഇതിനായി നിശ്ചിത ഫോമുകള്‍ ( Form 93, 94, 95, 96 ) നിർബന്ധമാക്കി. കൂടാതെ, 10 ലക്ഷത്തിന് മുകളിലുള്ള ക്യാഷ് ഡിപ്പോസിറ്റ്, 5 ലക്ഷത്തിന് മുകളിലുള്ള വാഹന വാങ്ങല്‍, 20 ലക്ഷത്തിന് മുകളിലുള്ള വസ്തു ഇടപാടുകള്‍ എന്നിവയ്ക്ക് പാൻ നിർബന്ധമാണ്.


8. ദൈനംദിന സാമ്പത്തിക മാറ്റങ്ങള്‍

ഡിജിറ്റല്‍ സുരക്ഷ

യുപിഐ ( UPI ), കാർഡ് ഇടപാടുകള്‍ക്ക് ടു - ഫാക്ടർ ഓതന്റിക്കേഷൻ ( 2FA ) നിർബന്ധമാക്കി. പാസ്‌വേഡ്, ഒടിപി, ബയോമെട്രിക് എന്നിവ ഇതിനായി ഉപയോഗിക്കാം.


ട്രെയിൻ ടിക്കറ്റ് റീഫണ്ട്

വണ്ടി പുറപ്പെടുന്നതിന് 8 മണിക്കൂർ മുമ്പ് ടിക്കറ്റ് ക്യാൻസല്‍ ചെയ്താലേ ഇനി റീഫണ്ട് ലഭിക്കൂ ( മുമ്പ് ഇത് 4 മണിക്കൂർ ആയിരുന്നു ). 8 - 24 മണിക്കൂർ മുമ്പ് 50 ശതമാനവും, 24 -72 മണിക്കൂർ മുമ്പ് 25 ശതമാനവും തുക കുറയ്ക്കും.


ബാങ്ക് എടിഎം ചാർജ്

യുപിഐ വഴി പണം പിൻവലിക്കുന്നതും ഇനി മാസത്തെ സൗജന്യ ഇടപാടുകളുടെ പരിധിയില്‍ വരും. പരിധി കഴിഞ്ഞാല്‍ 23 രൂപ വീതം ചാർജ് ഈടാക്കും. അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ഇടപാട് പരാജയപ്പെട്ടാല്‍ പെനാല്‍റ്റിയും ഉണ്ടാകാം.


ഫാസ്‌ടാഗ് ( FASTag )

ഫാസ്‌ടാഗ് വാർഷിക പാസ് നിരക്ക് 3,000 രൂപയില്‍ നിന്ന് 3,075 രൂപയായി വർദ്ധിപ്പിച്ചു. ഇത് ഒരു വർഷം അല്ലെങ്കില്‍ 200 യാത്രകള്‍ക്ക് വരെ ഉപയോഗിക്കാം.