മുഖ്യമന്ത്രിയായ ശേഷം ആദ്യം നടപ്പാക്കിയത് തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു. എല്ലാ പ്രഖ്യാപനങ്ങളും നടപ്പാക്കാന്‍ അല്‍പ്പം സമയം വേണമെന്ന് ആവശ്യപ്പെട്ട വിജയ് ഖജനാനില്‍ എന്തുണ്ട് എന്നറിയാല്‍ അകത്തുകയറി നോക്കട്ടെ എന്നും പറഞ്ഞു.
ഡിഎംകെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച വിജയ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ മൈ ബ്രദര്‍ എന്നാണ് വിശേഷിപ്പിച്ചത്. ടിവികെ സര്‍ക്കാരിന് പിന്തുണ നല്‍കിയ ഓരോ പാര്‍ട്ടിയെയും അവരുടെ നേതാക്കളെയും വിജയ് എടുത്തു പറഞ്ഞു. അധികാരം ലഭിച്ചു എന്ന് കരുതി ദുരുപയോഗം ചെയ്താല്‍ കടുത്ത നടപടിയുണ്ടാകുമെന്നും വിജയ് പ്രഖ്യാപിച്ചു.
മൂന്ന് ഫയലുകളിലാണ് വിജയ് ആദ്യം ഒപ്പുവച്ചത്. തമിഴ്‌നാട്ടിലെ എല്ലാ വീട്ടുകാര്‍ക്കും രണ്ട് മാസത്തില്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്നതാണ് ആദ്യത്തെ ഫയല്‍. വനിതകള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്ന സ്‌ക്വാഡ് രൂപീകരണമാണ് രണ്ടാമത്തെ ഉത്തരവ്. ലേഡി ലയണ്‍സ് ഫോഴ്‌സ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
ലഹരി വിരുദ്ധ നടപടികള്‍ക്കും വിജയ് തുടക്കമിട്ടു. എല്ലാ ജില്ലകളിലും ലഹരി വിമുക്തമാക്കാന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുമെന്നതാണ് മൂന്നാമത്തെ ഉത്തരവ്. സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് പ്രധാന്യം നല്‍കിയതാണ് അദ്ദേഹത്തിന്റെ ആദ്യ നീക്കങ്ങള്‍. ഇതാകട്ടെ, തമിഴ്‌നാട്ടിലെ ജനങ്ങള്‍ പ്രതീക്ഷിച്ചതുമാണ്. വിജയിയെ അധികാരത്തിലെത്തിച്ചതില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പങ്ക് നിര്‍ണായകമാണ്.
ധവളപത്രം ഇറക്കുമെന്ന് വിജയ്
തമിഴ്‌നാട്ടിന്റെ നിലവിലെ സാമ്പത്തിക അവസ്ഥ സംബന്ധിച്ച് ധവള പത്രം ഇറക്കുമെന്നാണ് വിജയ് പറഞ്ഞത്. എന്താണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എന്ന് അതിലൂടെ ജനങ്ങളെ അറിയിക്കും. 10 ലക്ഷം കോടി രൂപ കടത്തിലാണ് സംസ്ഥാനം എന്നും വിജയ് സൂചിപ്പിച്ചു. തന്റെ ഉറപ്പുകള്‍ പാലിക്കാന്‍ അല്‍പ്പം സമയം വേണമെന്നും വിജയ് അഭ്യര്‍ഥിച്ചു.
മയക്കുമരുന്ന് ഇല്ലാതാക്കാന്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് വിജയ് പറഞ്ഞു. ടിവികെയില്‍ അധികാര കേന്ദ്രങ്ങളാകാന്‍ ആരും ശ്രമിക്കേണ്ട. അങ്ങനെ ആഗ്രഹമുള്ളവര്‍ക്ക് മനസില്‍ നിന്ന് എല്ലാം തുടച്ചു നീക്കണം. അധികാരം ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ല. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ചേര്‍ന്നതാണ് തന്റെ മുഖം എന്നും വിജയ് പ്രഖ്യാപിച്ചു.
മതനിരപേക്ഷതയുടെ പുതിയ യുഗം തമിഴ്‌നാട്ടില്‍ ആരംഭിക്കുകയാണ് എന്ന് വിജയ് പറഞ്ഞു. സാമൂഹിക നീതിയുടെ യുഗം ഇവിടെ ആരംഭിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞ വേളയില്‍ നിറഞ്ഞ കൈയ്യടിയായിരുന്നു. സ്വകാര്യ വാഹനത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയ വിജയ് തിരിച്ചുപോയത് ഔദ്യോഗിക വാഹനങ്ങളിലാണ്. തൃഷ ഉള്‍പ്പെടെയുള്ള താരങ്ങളും ടിവികെ പ്രതിനിധികളും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള വിവിധ പാര്‍ട്ടി പ്രതിനിധികളുമെല്ലാം ചടങ്ങില്‍ സംബന്ധിച്ചു.