വെറുതെ കിട്ടിയാലും ഈ മീനുകള്‍ അടുക്കളയില്‍ കയറ്റരുത് ; കാത്തിരിക്കുന്നത് ഗുരുതരപ്രശ്‌നങ്ങള്‍

മത്സ്യവിഭവങ്ങള്‍ വളരെയധികം പോഷകസമൃദ്ധമാണെന്നത് ഒരു പുതിയ അറിവല്ല. എന്നാല്‍, എല്ലായ്‌പ്പോഴും അവ ആരോഗ്യത്തിന് നല്ലതായിക്കൊള്ളണമെന്നില്ല.

ചില പ്രത്യേക തരം സാഹചര്യങ്ങളില്‍ ചില പ്രത്യേക തരം മത്സ്യം കഴിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. അതിനാല്‍, സൗജന്യമായി കിട്ടിയാല്‍പോലും കഴിക്കാൻ പാടില്ലാത്ത ചില മത്സ്യങ്ങളെക്കുറിച്ചും അവയുടെ അപകടസാദ്ധ്യതകളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.


അതിലൊന്നാണ് ഫോർമാലിൻ കലർന്ന മീനുകള്‍. മത്സ്യങ്ങള്‍ ചീഞ്ഞുപോകാതിരിക്കാനായി ഉപയോഗിക്കുന്ന മാരകമായ രാസവസ്‌തുവാണ് ഫോർമാലിൻ. രണ്ടാമത്തേതാണ് അമിതമായി മെർക്കുറി അടങ്ങിയ മത്സ്യങ്ങള്‍. കടലിലെ ചില വലിയ മത്സ്യങ്ങളില്‍ അമിതമായ അളവില്‍ മെർക്കുറി അടങ്ങിയിട്ടുണ്ടാകും. സ്രാവ്, വാള, കിംഗ് മാക്കറല്‍ എന്നിവ ഇതില്‍പ്പെടുന്നു. ഇവയിലെ മെർക്കുറി തലച്ചോറിനെയും നാഡീവ്യൂഹത്തെയും ദോഷകരമായി ബാധിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.


ഫാമുകളില്‍ മത്സ്യം വളർത്തുന്ന രീതി ഇന്ന് ധാരാളമായി കാണപ്പെടുന്നു. ചില ഫാമുകളിലാണെങ്കില്‍ മീനുകള്‍ അതിവേഗം വളരുന്നതിനായി വലിയ അളവില്‍ ആന്റിബയോട്ടിക്കുകളും വളർച്ചാഹോർമോണുകളും നല്‍കുന്നു. ഈ മീനുകള്‍ ഭക്ഷണത്തിനുപയോഗിക്കുന്ന മനുഷ്യരില്‍ ഇവ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. 


അതുപോലെതന്നെ ഫാക്‌ടറി മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ കലരുന്ന തടാകങ്ങളില്‍ വളരുന്ന മീനുകളില്‍ വലിയ അളവില്‍ ലോഹത്തിന്റെ അംശം കാണപ്പെടുന്നു. ഇവയും മനുഷ്യന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.