സി വി ഷണ്മുഖമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ടി ടി വി ദിനകരന്റെ പാർട്ടിയിലെ ഏക എംഎല്‍എ എസ് കാമരാജും ടി വി കെ യെ പിന്തുണയ്ക്കുമെന്ന് നിയമസഭയില്‍ പറഞ്ഞു. ഇതോടെ ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 145 ആയി ( 120+24+1= 145 ). ഇതോടെ സഭയില്‍ വിശ്വാസം നേടുന്നത് വിജയ്ക്ക് എളുപ്പമായി.
അണ്ണാഡിഎംകെയില്‍ നിലവില്‍ ഇപിഎസ്സിനൊപ്പം 23 എംഎല്‍എമാർ ആണുള്ളത്. വിമത പക്ഷത്ത് 24 പേരും. ജില്ലാ സെക്രട്ടറിമാരെ ഒപ്പം നിർത്താൻ ഇരുപക്ഷവും തിരക്കിട്ട നീക്കങ്ങള്‍ നടക്കുകയാണ്. ഡിഎംകെയ്ക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാൻ ഇപിഎസ് ശ്രമിച്ചെന്നും അതിനാലാണ് എതിർത്തതെന്നും സി വി ഷണ്മുഖം പ്രതികരിച്ചു.
അണ്ണാ ഡിഎംകെ പിളർത്താൻ ഉദേശ്യമില്ലെന്നും പാർട്ടിയെ കുറിച്ച് ആശങ്കയാണ് ഉള്ളതെന്നും എസ് പി വേലുമണി പറഞ്ഞു. ഡിഎംകെ പിന്തുണയില്‍ സർക്കാർ രൂപീകരിക്കാൻ ഇപിഎസ് ശ്രമിച്ചു. ഇപിഎസ് മുഖ്യമന്ത്രി ആകുമെന്നാണ് പറഞ്ഞത്. എന്നാല്‍ ഈ നിർദേശം സ്വീകര്യമായില്ലെന്ന് വേലുമണി വ്യക്തമാക്കി. പുതിയ സഖ്യം പാർട്ടിക്ക് വേണമെന്നും ഒന്നിച്ചു നില്‍ക്കണം എന്നാണ് ആഗ്രഹമെന്നും എ ഐ എ ഡി എം കെ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പ്രതികരിച്ചു.
അതിനിടെ ടിവികെയെ പിന്തുണയ്ക്കുമെന്ന് എൻ ഡി എ സഖ്യകക്ഷിയായ എ എം എം കെ എംഎല്‍എ എസ് കാമരാജ് നിയമസഭയില്‍ പറഞ്ഞു. ടി ടി വി ദിനകരന്റെ പാർട്ടിയിലെ ഏക എം എല്‍ എയാണ് കാമരാജ്. വ്യാജ പിന്തുണ കത്ത് ആരോപണം ഉയർന്നത് കാമരാജുമായി ബന്ധപ്പെട്ടാണ്.
തന്‍റെ എംഎല്‍എയുടെ പിന്തുണക്കത്ത് ഉണ്ടാക്കി എന്നായിരുന്നു ടിവികെയ്ക്ക് എതിരായ ടിടിവി ദിനകരന്‍റെ ആരോപണം. അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. എൻ ഡി എയില്‍ തുടരുമെന്നാണ് ദിനകരൻ പറഞ്ഞത്. എംഎല്‍എയുടെ തീരുമാനത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.