കറുത്ത വാവിലും നിലാവ് കണ്ട് കോൺഗ്രസ് വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി. 11 ദിവസം നീണ്ട അനിശ്ചിതത്വത്തിന് വിരാമം

തിരുവനന്തപുരം : കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ഡൽഹിയിൽ നടന്ന തിരക്കിട്ട കൂടിയാലോചനകൾക്കൊടുവിലാണ് പ്രഖ്യാപനം ഉണ്ടായത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി എന്നിവർ ഡൽഹിയിൽ നിന്ന് അയച്ച പ്രത്യേക നിരീക്ഷകർ പങ്കെടുത്ത പത്രസമ്മേളനത്തിലാണ് സതീശനെ നേതാവായി പ്രഖ്യാപിച്ചത്. 


തിരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസം നീണ്ടു നിന്ന നാടകീയ ചർച്ചകൾക്കാണ് ഇതോടെ ശുഭപര്യവസാനമായത്. തുടർച്ചയായി ആറാം തവണയും പറവൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തുന്ന വി.ഡി. സതീശൻ, കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവെന്ന നിലയിൽ നടത്തിയ മികച്ച പ്രകടനമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വഴിതുറന്നത്.