Advertisement
Contact us to Advertise here
എൻഡിഎയ്ക്ക് വേണ്ടി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഒരിക്കല്‍ക്കൂടി പോരിനിറങ്ങുമ്പോള്‍ കോട്ട കാക്കുകയെന്ന ലക്ഷ്യം ഏറ്റെടുത്ത് നിലവിലെ എംഎല്‍എയായ എകെഎം അഷ്റഫ് തന്നെയാണ് യുഡിഎഫിന് വേണ്ടി മത്സര രംഗത്തുള്ളത്. വെറും 87 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എകെഎം അഷ്റഫ് ജയിച്ചുകയറിയത്. സുരേന്ദ്രന്റെ അപരനായി മത്സരിച്ച കെ സുന്ദര 467 വോട്ടുകള്‍ നേടിയതാണ് എൻഡിഎയുടെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തിയത്.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങള്‍ നടക്കുന്ന ഇടങ്ങളിലൊന്നാണ് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലം. 2011 മുതല്‍ മണ്ഡലത്തില്‍ ബിജെപി ശക്തമായ സാന്നിധ്യമാണ്. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് ജയപരാജയങ്ങള്‍ സംഭവിക്കുന്നതെന്ന് വ്യക്തമാകും.
2006 ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി എച്ച് കുഞ്ഞമ്പു ബിജെപിയുടെ നാരായണ ഭട്ടിനെ വെറും 4,829 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 2011 ലും 2016 ലും മുസ്ലീം ലീഗിന്റെ പി.ബി അബ്ദുല്‍ റസാഖ് എൻഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തി. ഇതില്‍ 2011 ല്‍ 5,828 വോട്ടുകള്‍ക്കും 2016 ല്‍ വെറും 89 വോട്ടുകള്‍ക്കുമായിരുന്നു അബ്ദുല്‍ റസാഖിന്റെ വിജയം. ഇത് കേരള നിയമസഭാ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളിലൊന്നാണ്.
2019 ല്‍ മുസ്ലീം ലീഗിന്റെ തന്നെ എം സി ഖമറുദ്ദീനാണ് വിജയിച്ചത്. കെ സുരേന്ദ്രന് പകരം ബിജെപിയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ രവീശ തന്ത്രി കുണ്ടാര്‍ 7,923 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 2006 - ല്‍ സി.എച്ച്. കുഞ്ഞമ്പുവിലൂടെ സിപിഎം അട്ടിമറി നടത്തിയതൊഴിച്ചാല്‍ 1987 മുതല്‍ മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയാണ് മഞ്ചേശ്വരം. മണ്ഡലത്തില്‍ എല്‍ഡിഎഫിന് ഏകദേശം 20 -25 % വോട്ടുകളുണ്ട്. എന്നിരുന്നാലും പ്രധാന മത്സരം യുഡിഎഫും എൻഡിഎയും തമ്മിലാണ്. കന്നഡ, തുളു സംസാരിക്കുന്ന വോട്ടർമാർക്ക് വലിയ സ്വാധീനമുള്ള മണ്ഡലമായതിനാല്‍ തന്നെ ഇത് ബിജെപിക്ക് അനുകൂലമായ ഘടകമാകാറുണ്ട്. 2026 - ല്‍ വീണ്ടും കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് നിന്ന് മത്സരിക്കുമ്പോള്‍ കഴിഞ്ഞ തവണത്തെ പരാജയം വിജയമാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പത്രിക പിൻവലിക്കാനായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്ന പരാതിയില്‍ കെ സുരേന്ദ്രനെതിരെ ബദിയഡുക്ക പൊലീസ് കേസ് എടുത്തതും തുടര്‍ന്നുണ്ടായ നിയമപോരാട്ടങ്ങളുമെല്ലാം വലിയ വാര്‍ത്തയായി. ഫലം വന്നപ്പോള്‍ 745 വോട്ടുകള്‍ക്ക് സുരേന്ദ്രൻ വീണ്ടും തോറ്റു.
എന്നാല്‍, അന്നും സ്ഥാനാര്‍ത്ഥി പട്ടികയില്‍ മറ്റൊരു സുരേന്ദ്രൻ ഉണ്ടായിരുന്നു. 197 വോട്ടുകള്‍ നേടിയ എം സുരേന്ദ്രൻ. ഏതായാലും അക്കൗണ്ട് തുറക്കാൻ ബിജെപിയും കോട്ട നിലനിർത്താൻ യുഡിഎഫും ശ്രമിക്കുമ്പോള്‍ മഞ്ചേശ്വരം ഇത്തവണയും കേരളത്തിലെ ഏറ്റവും വലിയ " ഹോട്ട് സീറ്റ് " ആയിരിക്കും എന്ന കാര്യത്തില്‍ തർക്കമില്ല.
Comments
0 comment