Advertisement
Contact us to Advertise here
ബാങ്ക് അക്കൗണ്ട് തുറക്കുക, സ്വത്ത് വാങ്ങുക, ഉയർന്ന മൂല്യമുള്ള ഇടപാടുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് പാൻ കാർഡ് നിർബന്ധമാണെന്ന് പറയാം. സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും നികുതി വെട്ടിപ്പ് തടയാനുമായി കേന്ദ്രസർക്കാർ നിയമങ്ങള്‍ കൂടുതല്‍ കർശനമാക്കിയിരിക്കുകയാണ്. ആദായനികുതി ചട്ടങ്ങളിലെ റൂള്‍ 114ബി പ്രകാരം ചില ഉയർന്ന മൂല്യമുള്ള ഇടപാടുകള്‍ക്ക് പാൻ വിവരങ്ങള്‍ നല്‍കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
പാൻ നിർബന്ധമായ 7 പ്രധാന ഇടപാടുകള്‍
1. ബാങ്ക് അക്കൗണ്ടും ഡിമാറ്റ് അക്കൗണ്ടും തുറക്കല്‍
ബാങ്ക് അക്കൗണ്ടും ഡിമാറ്റ് അക്കൗണ്ടും തുറക്കാൻ ഇനി പാൻ നിർബന്ധമാണ്. നിക്ഷേപങ്ങളും ബാങ്കിംഗ് ഇടപാടുകളും നിരീക്ഷിക്കാൻ സാമ്പത്തിക സ്ഥാപനങ്ങള്‍ പാൻ ഉപയോഗിക്കുന്നു.
2. വായ്പയും ക്രെഡിറ്റ് കാർഡും
ഹോം ലോണ്‍, വ്യക്തിഗത വായ്പ, കാർ ലോണ്‍, ക്രെഡിറ്റ് കാർഡ് തുടങ്ങി ഏത് സാമ്പത്തിക സേവനത്തിനും അപേക്ഷിക്കുമ്പോഴും പാൻ വിവരങ്ങള്‍ നല്‍കണം. അപേക്ഷകന്റെ സാമ്പത്തിക പശ്ചാത്തലവും തിരിച്ചടവ് ശേഷിയും വിലയിരുത്താൻ ബാങ്കുകള്‍ പാൻ ഉപയോഗിക്കും.
3. 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍
ഒറ്റ ഇടപാടില്‍ 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പർച്ചേസിനും മറ്റും പാൻ നിർബന്ധമാണ്. ആഭരണങ്ങള്‍, ആഡംബര വസ്തുക്കള്‍, ചില യാത്രാചെലവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
4. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വലിയ കാഷ് പേയ്‌മെന്റുകള്‍
ഹോട്ടലുകളിലോ റസ്റ്റോറന്റുകളിലോ 50,000 രൂപയ്ക്ക് മുകളിലുള്ള കാഷ് പേയ്‌മെന്റുകള്‍ നടത്തിയാല്‍ പാൻ വിവരങ്ങള്‍ നല്‍കണം. വലിയ തുകകള്‍ക്ക് മേലെയുള്ള കാഷ് ഇടപാടുകള്‍ നിരീക്ഷിക്കാനാണ് ഈ നീക്കം.
5. ബാങ്ക് ഡ്രാഫ്റ്റും പേ ഓർഡറും
50,000 രൂപയ്ക്ക് മുകളിലുള്ള ബാങ്ക് ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക്, പേ ഓർഡർ എന്നിവ കാഷായി വാങ്ങുമ്പോഴും പാൻ നിർബന്ധമാണ്. ഇടപാടുകളുടെ വിവരങ്ങള്‍ ബാങ്കുകള്‍ രേഖപ്പെടുത്തണം.
6. സ്വത്ത് ഇടപാടുകളും വലിയ വാങ്ങലുകളും
10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭൂമി- വീട് ഇടപാടുകളില്‍ വാങ്ങുന്നവരും വില്‍ക്കുന്നവരും പാൻ വിവരങ്ങള്‍ നല്‍കണം. സ്റ്റാമ്പ് ഡ്യൂട്ടി മൂല്യം 10 ലക്ഷം രൂപയ്ക്ക് മുകളിലായാലും ഇത് ബാധകമാണ്. അതുപോലെ 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സാധനങ്ങളുടേയോ സേവനങ്ങളുടേയോ വാങ്ങലുകള്‍ക്കും പാൻ ആവശ്യമാണ്.
7. ലിസ്റ്റ് ചെയ്യാത്ത ഓഹരികളുടെ വാങ്ങല്‍- വില്‍പ്പന
1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള അണ്‍ലിസ്റ്റഡ് ഷെയറുകളുടെ വാങ്ങലിനും വില്‍പ്പനയ്ക്കും പാൻ നിർബന്ധമാക്കി. സ്റ്റോക്ക് മാർക്കറ്റിന് പുറത്തുള്ള ഉയർന്ന മൂല്യമുള്ള നിക്ഷേപങ്ങള്‍ നിരീക്ഷിക്കാനാണ് ഈ നടപടി.
പാൻ അപേക്ഷാ നിയമങ്ങളിലും മാറ്റം
അതേസമയം, പാൻ കാർഡിനായുള്ള അപേക്ഷാ നടപടികളിലും ആദായനികുതി വകുപ്പ് മാറ്റം കൊണ്ടുവന്നിട്ടുണ്ട്. 2026 ഏപ്രില്‍ 1 മുതല്‍ ആധാർ മാത്രം ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാനാകില്ല. ജനനത്തീയതി തെളിയിക്കുന്ന പ്രത്യേക രേഖ കൂടി ഇനി സമർപ്പിക്കണം. ജനന സർട്ടിഫിക്കറ്റ്, വോട്ടർ ഐഡി, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ നല്‍കാം.
നികുതി ഫയലിംഗില്‍ മാത്രം ഒതുങ്ങുന്നതല്ല ഇനി പാനിന്റെ പ്രാധാന്യം. ബാങ്കിംഗ്, നിക്ഷേപം, സ്വത്ത് ഇടപാട്, ഉയർന്ന മൂല്യമുള്ള പർച്ചേസുകള്‍ തുടങ്ങി നിരവധി സാമ്പത്തിക പ്രവർത്തനങ്ങളുമായി ഇത് ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്നു. നിർബന്ധമായ ഇടപാടുകളില്‍ പാൻ നല്‍കാത്ത പക്ഷം ഇടപാടുകള്‍ നിരസിക്കപ്പെടാനും വൈകാനും പിഴ ചുമത്തപ്പെടാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
Comments
0 comment