പാലം അടച്ചതോടെ ഗതാഗത കുരുക്ക് നേരിടാന്‍ പൊലീസ് പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോയിരുന്ന പാലമാണ് നിർമാണ ജോലികള്‍ക്കായി, ഗതാഗതം നിരോധിച്ച് പൂർണമായും അടച്ചത്. എറണാകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന പാലത്തിന് മാസങ്ങള്‍ക്ക് മുൻപാണ് ബലക്ഷയം കണ്ടെത്തിയത് . ബെയറിംഗുകള്‍ക്ക് തകരാറുകള്‍ കണ്ടെത്തിയതോടെ പാലം അപകടാവസ്ഥയിലായിരുന്നു.
ഈ സാഹചര്യത്തില്‍ ബെയറിംഗുകള്‍ മാറ്റി സ്ഥാപിച്ച് പാലം ബലപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദേശീയപാത ബ്രിഡ്ജസ് വിഭാഗം അറിയിച്ചു. സ്പാൻ ജാക്കി ലിവർ ഉപയോഗിച്ച് പാലം ഉയർത്തി 42 ബെയറിംഗുകള്‍ മാറ്റാനാണ് ലക്ഷ്യമിടുന്നത്.
സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി നിർമാണ പ്രവർത്തികള്‍ പൂർത്തിയാക്കണമെന്ന് കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന് ദേശീയപാത അതോറിറ്റി നിർദേശം നല്‍കിയിട്ടുണ്ട്. നിശ്ചയിച്ച 20 ദിവസത്തിനുള്ളില്‍ നിർമ്മാണം പൂർത്തീകരിക്കാനാകും എന്നാണ് കരാറുകാരുടെയും പ്രതീക്ഷ.
ബലക്ഷയം കണ്ടെത്തിയതോടെ നേരത്തെ ഏപ്രില്‍ 18 ന് ആറ് ദിവസത്തേക്ക് പാലം അടച്ചിരുന്നു. അന്ന് വൻ ഗതാഗത കുരുക്കാണ് ദേശീയപാതയില്‍ അനുഭവപ്പെട്ടത്. ഇത്തവണയും യാത്രാ പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
എറണാകുളം ഭാഗത്തേക്ക് രണ്ട് വരിയായി പാലത്തിലൂടെ വാഹനങ്ങള്‍ കടത്തി വിടാനാണ് തീരുമാനം. ഗതാഗത നിയന്ത്രണത്തിന് മാത്രമായി മേഖലയില്‍ 25 പൊലീസുകാരെ നിയോഗിക്കാൻ റൂറല്‍ ജില്ലാ പൊലീസ് മേധാവി നിർദേശം നല്കി.